ശ്വാന പ്രദര്‍ശനം

കണ്ടു ഞാനും ശ്വാനപ്രദര്‍ശനം !
തന്റെ നായക്കുഞ്ഞിനിങ്കു കൊടുക്കവേ
വന്നു നോക്കുന്ന തെണ്ടിച്ചെറുക്കന്റെ
കരിങ്കണ്ണുതട്ടാതെ കാക്കുവാന്‍ –
ചേലമാറ്റി മാറിലൊതുക്കുന്ന
രണ്ടുകാലുള്ള നായുടെ കൈകളില്‍!

————————-

31-12-2013 ല്‍ ഫേസ് ബുക്കിലെഴുതിയത്.

Advertisements

പക്ഷിപീഡ

കരുണാകരന്‍ രാവിലെ ജോലിക്കുപോകാതെ നത്തിന്റെ വരവും കാത്തിരുന്നു. അതിന്റെ നോട്ടവും , ഇടക്കുള്ള കൂകലും അവനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഉറക്കത്തില്‍ രണ്ട് ഉണ്ടക്കണ്ണുകള്‍ പേടിപ്പെടുത്തുന്നു. ജോലിക്കുപോകാന്‍ ഭയമാണ്. ഉമ്മറത്തങ്ങിനെയിരിക്കും. വീട്ടുകാര്യങ്ങള്‍ നോക്കാതായി.
” വലിയ പാടത്ത് ആര്‍ക്കും ശല്യമുണ്ടാക്കാതെ വന്നു പോകുന്ന ഒരു പക്ഷി ! അങ്ങിനെ കണ്ടാല്‍ പോരേ?”
“അതല്ല ‍ഡോക്ടര്‍ ഞാനുറങ്ങുമ്പോള്‍ എന്നെ നോക്കിയിരിക്കുന്നു . കണ്ണ് ചൂഴ്ന്നെടുക്കുമോന്നു പേടി”

“ഡോക്ടറു തന്ന ഗുളിക കൊടുത്തിട്ടും ഉറക്കമില്ല, നത്ത് വരുമെന്നും പറഞ്ഞ് കുട്ട്യോളെ പ്പോലെ നിലവിളിയാ..”

ഡോക്ടര്‍ പറയുന്നതാണ് ശരി . പക്ഷേ അന്ധവിശ്വാസങ്ങളിലും, അപശകുനങ്ങളിലും വളര്‍ന്ന മനസ്സിന് അതു വിശ്വസിക്കാനാകുന്നില്ല.
ജോലിയൊന്നും ചെയ്യാതെ മാനത്ത് കണ്ണും നട്ടിരിക്കുന്ന കരുണാകരനോട് വഴിപ്പോക്കര്‍ ചോദിക്കും
“നത്ത് നാടുവിട്ടേ പോയില്ലേ കരുണകരാ ഇനിയെന്താ പേടി ?”
“ങ്ങൂഹൂം! എനിക്ക് പേടിയാ നാടുവിട്ടാലും ആ കണ്ടത്തിലല്ലെങ്കില്‍ മറ്റേകണ്ടത്തില്‍ കാണും !”

ഏകദിശാ പ്രവര്‍ത്തനങ്ങള്‍

പ്രിയപ്പെട്ടവളേ,
എന്റെ പ്രണയം വര്‍ണ്ണച്ചിറകുകളുമായി
ഇനി നിന്നെ വലംവച്ചു പറക്കില്ല.

നമുക്കിടയിലെ സുവര്‍ണ്ണനൂലുകള്‍
ചിലന്തിവലയേക്കാള്‍ നേര്‍ത്തതാണെന്ന്
ഞാനിനി പരിഭവിക്കില്ല.

നിന്റെ നിശ്ശബ്ദതയ്ക്ക്
വാചാലതയുടെ അര്‍ത്ഥകല്പന ചമയ്ക്കില്ല.

എന്റെ പ്രണയം കൊഴിഞ്ഞു വീഴുന്നു
നിറം കെട്ടുണങ്ങിയ ഒരിലപോലെ !
( ആഗസ്റ്റ് 2011)

ഒരു സാധാരണ ദിവസം

ഇതു പ്രഭാതം : സദാശിവനുണര്‍ന്നു. അത്യാവശ്യ പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു. അവള്‍ കൂലിപ്പണിക്ക് പോകും മുമ്പേതന്നെ, ഭക്ഷണവും കഴിച്ച് ചൂണ്ടയുമെടുത്ത് പുഴക്കരയിലേക്ക് നടന്നു.

ഇതു മദ്ധ്യാഹ്നം : സദാശിവന്‍ സമയം തിരിച്ചറിയുന്നത്, ആമാശയവും കൂടി ഉപയോഗിച്ചാണ്. ഷാപ്പില്‍ ചെന്നാല്‍ കപ്പയുമിറച്ചിയും കിട്ടും. അവള്‍ അരിപ്പാട്ടയില്‍ സൂക്ഷിച്ചിരുന്ന നാല്പത്തിരണ്ടു രൂപയുണ്ട്.

” സാരമില്ല ! മീന്‍ വിറ്റു പണം കിട്ടുമ്പോഴതു കൊടുക്കാം ! ഒരുത്തീടേം സൌജന്യം വേണ്ട !”

സായാഹ്നം : ചൂണ്ടയിലാകെ കിട്ടിയത് നാലു മീന്‍. വലുത് മൂന്നെണ്ണം രണ്ടു കിലോയോളം വരുന്നത്, ചെറുത് ഒന്ന് അതു കറിവയ്ക്കാം !!
ബാര്‍ ഹോട്ടലിനു മുന്‍പില്‍ , കാറുകള്‍ക്ക് നേരേ മീന്‍ ഉയര്‍ത്തിക്കാട്ടിയും, നിര്‍ത്തിയ കാറുകള്‍ക്കരികില്‍ , കുനിഞ്ഞ് വിനയം നടിച്ചു വിലപറഞ്ഞും നില്‍ക്കുന്നു , സദാശിവന്‍ !

രാത്രി : സത്യത്തില്‍ ഇതാണ് സദാശിവന്റെ സമയം ! വീടിനു മുമ്പില്‍ ,നിലത്തുറയ്ക്കാത്ത കാലുകളുമായി നൃത്തം ചെയ്യുകയാണ്, സദാശിവന്‍ !
പുറത്തു വരുന്ന കുഴഞ്ഞവാക്കുകള്‍ ഏതുറക്കച്ചടവിലും അവള്‍ക്കു പെറുക്കിയെടുക്കാം , കുറേ വര്‍ഷമായുള്ള ശീലമാണേയ് !
” എനിക്കിനി ഒന്നും വേണ്ട! ഞാന്‍ കഴിച്ചു.
ഒരു മീനുണ്ട് നീ പൊരിച്ചോ! ഇതാ ഇരുപതു രൂപ, പിള്ളേര്‍ക്കെന്താന്നു വച്ചാ വാങ്ങിക്കൊ!
സദാശിവന് ഒരുത്തീടേം സൌജന്യം വേണ്ട”

(കൂട്ടം.കോമില്‍ 28.10.2010ല്‍ പ്രസിദ്ധീകരിച്ചത്.)

തനിയെ

നിന്നെ കാണും വരെ,
വേനല്‍ മഴ വേനല്‍ മഴയും
പുലര്‍മഞ്ഞ് പുലര്‍ മഞ്ഞും
പാതിരാപക്ഷിയുടെ പാട്ട്
പാതിരാപക്ഷിയുടെ പാട്ടും
മാത്രമായിരുന്നു!

ഇന്ന് …
നീയകന്നപ്പോള്‍ 
വീണ്ടും,
വേനല്‍ മഴ വേനല്‍ മഴയും
പുലര്‍മഞ്ഞ് പുലര്‍ മഞ്ഞും
പാതിരാപക്ഷിയുടെ പാട്ട്
പാതിരാപക്ഷിയുടെ പാട്ടും
മാത്രമായിത്തീര്‍ന്നിരിക്കുന്നു!
(12 nov 2010 കൂട്ടം .കോമില്‍ പ്രസിദ്ധീകരിച്ചത്.)

കോടതി മുമ്പാകെ

ബഹുമാനപ്പെട്ട കോടതി ക്ഷമിക്കണം !
കുറ്റപത്രത്തില്‍ പറയുന്ന കൃത്യം ഞാന്‍ ചെയ്‌തിട്ടുണ്ട് !
നട്ടുച്ച സമയമായിരുന്നു. ഗാന്ധിനഗറില്‍ കൊടുക്കാനുള്ള ഒരു പാഴ്‌സലുമായി വരുന്ന സമയത്താണ് ലോറിതട്ടി ജീപ്പ് മറിഞ്ഞ്, സൈക്കിളില്‍ വരുന്ന ഒരുകുട്ടി അതിനടിയില്‍പ്പെട്ടത്. ലോറിയിലെ കയറ്റിറക്ക് തൊഴിലാളികളും രണ്ടു ഡ്രൈവര്‍മാരും ഞാനും ചേര്‍ന്നാണ് ജീപ്പുയര്‍ത്തി കുട്ടിയെ പുറത്തെടുത്തത്. 
ഗാന്ധിനഗറിലെ ആള്‍ക്കൂട്ടം ഒരു കൈ സഹായിക്കുന്നതിനു പകരം  കുഞ്ഞു പിടയുന്നത് മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുവാന്‍ തിരക്കു കൂട്ടുകയായിരുന്നു.
കുട്ടിയുമായി ജീപ്പ് ആശുപത്രിയിലേക്ക് പോയശേഷം, ലോറിയുടെമുകളില്‍ കയറി,
” & @#$ മക്കളേ ഇതും കൂടി  കണ്ടോ!  “ എന്നു പറഞ്ഞ് ഞാന്‍ മുണ്ടഴിച്ച് നിന്നത് സത്യമാണ് !


(കൂട്ടം .കോമില്‍ 3.6.2011ന് പ്രസിദ്ധീകരിച്ചത്.)

മഴയും വിപ്ലവവും

മഴ വിപ്ലവം തന്നെയാണ് ,
ഇറങ്ങുന്നവരെയെല്ലാം കുളിപ്പിച്ച്
ചിലരെ പനിക്കിടക്കയിലാക്കി
പങ്കെടുക്കാത്തവന് അറപ്പും, ആവേശവും
ഇഷ്ടമുള്ളതെന്തോ അത് ആവശ്യത്തിന് നല്‍കി,
കുറേ നശിപ്പിച്ച്, കുറേ കിളിര്‍പ്പിച്ച്
വലിയൊരു വേനലിനായി
പെയ്തൊടുങ്ങി പതിയെ പിന്‍വാങ്ങുന്ന
മഴ വിപ്ലവം തന്നെയാണ് !