നീ കവിത

നീ അപരിചിത ഭാഷയിലെ
മനോഹര കവിത!
ഞാൻ നിന്നെ നിരന്തരം
വായിക്കാൻ ശ്രമിക്കുന്ന
ഭാഷയറിയാത്ത വിവർത്തകൻ!

Advertisements

പറയാതെ പോകുന്ന ചിലത്

ഏറ്റവും തീക്ഷ്ണമായ ഹൃദയാവിഷ്കാരങ്ങളാണ് ആത്മഹത്യാകുറിപ്പുകള്‍ എന്നിട്ടും അവ പറയാതെ പോകുന്ന ചിലതുണ്ട്. വരികള്‍ക്കിടയിലല്ല, വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കുമിടയില്‍ ചികഞ്ഞാല്‍പോലും കാണാതെ പോകുന്നവ! ഇവയാണ് ഊഹങ്ങള്‍ക്കും കഥകള്‍ക്കും വളമായി മാറുന്നത്! അന്വേഷണങ്ങള്‍ക്കെല്ലാം തുടക്കത്തിനുമുന്നേ തന്നെ പൂര്‍ണ്ണവിരാമമിടാന്‍ കെല്‍പ്പുള്ള കുറേവാക്കുകള്‍! എന്തായിരിക്കും അവ എഴുതാതെ പോകാന്‍ കാരണം? തന്നോടുകൂടി മരിക്കട്ടെയെന്നെഴുത്തുകാരന്‍ കരുതുന്ന ചിന്തകളാണോ അവ? അവ ആത്മഹത്യക്കുള്ള ഊര്‍ജ്ജമായി മാറുന്നു അവയ്ക്കിനി അക്ഷര രൂപം പ്രാപിക്കാനാവില്ല!

കള്ളിമുൾ

ഞാനൊരു കള്ളിമുൾച്ചെടി!
കാഴ്ചക്ക് ചന്തം പോരാ –
തണ്ടിനു ഗുണമില്ല
തണലേകില്ല ,
പക്ഷികൾക്ക് ചില്ല വേണ്ട!
എന്റെ ഓരോ മുള്ളും
നിന്റെ വേദനയാണ്!
അതിന്റെ കൂർത്ത മുനകൾ
നിന്റെ ദു:ഖങ്ങളും!
നിനക്കെന്നെ പുണരാം
ചുംബിക്കാം!
നിനക്ക് മുറിവേൽക്കും
മുറിവുകൾ ഇതാദ്യമല്ലല്ലോ!
പലപ്പോഴും ഞാനും
മുറിഞ്ഞ് വാർന്നങ്ങനെ…
എനിക്കും ഈ മുറിവിഷ്ടമാണ്!
ജീവനെക്കാളിഷ്ടം!

പുതുവർഷം

മാറുന്നത് കണ്ടറാണ്
കലണ്ടർ മാത്രമാണ്
കാലഗണനയ്ക്ക് പണ്ടെങ്ങോ
തുടങ്ങിയ ഒരു രീതി!
അത് ഒരു ദിവസം നേരത്തേ തുടങ്ങിയിരുന്നെങ്കിൽ ഇന്നലെ പുതുവർഷമാകുമായിരുന്നു!
അത്രേയുള്ളൂ!
എന്റെയും നിന്റെയും ദു:ഖങ്ങളും
വേദനകളും മാറുന്നില്ല!
സ്വപ്നങ്ങളും പ്രതീക്ഷകളും
അങ്ങിനെ തന്നെ !
എങ്കിലും
നമുക്ക് ചുറ്റുമുള്ളവർ
എന്തോ ആഘോഷിക്കുന്നു!
നീയും വാതിൽ തുറന്ന്
പുറത്തിറങ്ങി നോക്കൂ!
മറ്റുള്ളവരുടെ സന്തോഷം കാണാം
കുട്ടികളുടെ ഉത്സാഹം കാണാം!
പ്രിയപ്പെട്ടവളേ,
പുറത്ത് തണുപ്പാണ്
ഒരു ഷാൾ പുതയ്ക്കാൻ
മറക്കേണ്ട !

ദു:ഖം

നിന്റെ മുഖം
നിലാവുദിച്ച ആകാശം!
ഞാൻ കറുത്ത മഴ മേഘം
കാണുന്നു!
തുടുത്ത കവിളിൽ
‘എനിക്കു മാത്രം കാണാവുന്ന
കണ്ണീർ ചാലുകൾ !
ഏതു നിമിഷവും
വിഷാദത്തിന്റെ
ഉരുൾപൊട്ടൽ
പ്രതീക്ഷിക്കണമെന്ന്’
നിന്റെ മിഴികൾ!
അതിന്റെ മലവെള്ള
പാച്ചിലിന്
നിന്റെ മുടിച്ചാർത്ത്
ഒരുക്കുന്ന
കറുത്ത വെള്ളച്ചാട്ടത്തിന്റെ
ചാരുതയുണ്ടാവില്ല!
പരിസരങ്ങളെ
കടപുഴക്കുന്ന
കൊടുങ്കാറ്റു പോലെ
നിന്റെ ചിന്തകൾ!
നീ വായിക്കാൻ
ഇരിക്കുന്ന ഊഞ്ഞാൽ
കാറ്റിൽ ശൂന്യമായാടുന്നു!
നിന്റെ സംഗീതം
മുളങ്കാടുകളെ
വിഷാദ രാഗമൂട്ടുന്നു!
നീ വൻകരയല്ല
ഒരു തുരുത്തുപോലുമല്ല!
എന്നിട്ടും നീ പ്രതീക്ഷയാണ്!
നീയെവിടെയെന്നാണ്
തിരയുന്നത് ,
പേടിക്കേണ്ട,
നിന്നിലെത്താനല്ല ഞാൻ
തുഴയുന്നത്!

പഴയ ഓട്ടോഗ്രാഫ് വായിച്ചുകേട്ടപ്പോള്‍ !

പുലര്‍ച്ചെ തീവണ്ടി പിടിക്കാനോടുമ്പോള്‍,

സീസണ്‍ ടിക്കറ്റിന്റെ ദുര്‍ബലമായ പിന്‍ ബലത്തില്‍

വിലക്കപ്പെട്ടയിടങ്ങളില്‍ തലകുനിച്ചിരിക്കുമ്പോള്‍,

വൈകിമാത്രമെത്തിച്ചേരുന്ന വണ്ടിയില്‍ നിന്നിറങ്ങി

ആള്‍ക്കൂട്ടത്തില്‍ ലയിച്ച്

റിക്ഷാനിരക്ക് കുറക്കാന്‍

നാടോടികളും തെരുവുനായ്‌ക്കളും

തമ്പടിച്ച പിന്നാമ്പുറങ്ങളിലെ

വേലി നൂണ്ടു കടക്കുമ്പോള്‍,

ശീതീകരിച്ച മുറിക്കുള്ളില്‍

മേലുദ്യോഗസ്ഥരുടെ സമയവൃത്തത്തിനുള്ളില്‍

ജോലി തീര്‍ക്കാനാവാതെ

വെന്തുരുകിയപ്പോള്‍,

പനിച്ച് വിറച്ച് കണ്ണടക്കാന്‍ വൈകുന്ന അമ്മയുടെ

കട്ടിലില്‍ ഉറക്കഭാരത്തോടെ കാവലിരുന്നപ്പോള്‍,

പ്രിയകൂട്ടുകാരി,

നിന്നെഞാനോര്‍മ്മിച്ചില്ല.

ക്ഷമിച്ചേക്കൂ!